mobile header

Colorectal Cancer Treatment Calicut Kozhikode

മലാശയ ക്യാൻസർ

blog

മലാശയ ക്യാൻസർ

ഉദരാശയ ക്യാൻസറിൽ ‘lഇന്ന് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ക്യാൻസർ ആണ് മലാശയ ക്യാൻസർ .

പ്രധാനപ്പെട്ട കാരണങ്ങൾ:

ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ് മലാശയ ക്യാൻസർ

  • ചുവന്ന മാംസത്തിന്റെ അമിതമായ ഉപയോഗം
  • കൊഴുപ്പടങ്ങിയതും, പുക ഏല്പിച്ചതുമായ ( തന്തൂരി, അൽ ഫാം പോലുള്ള) ഭക്ഷണത്തിന്റെ അമിത ഉപയോഗം മലാശയ ക്യാൻസറിന് കാരണമാകാം.
  • പുകയില, മദ്യപാനം, വ്യായാമക്കുറവ് എന്നിവ മലാശയ

ക്യാൻസറിനുള്ള മറ്റു കാരണങ്ങൾ ആണ്.പാരമ്പര്യമായും മലാശയ ക്യാൻസർ കാണാറുണ്ട്.

50 വയസ്സിനു മുകളിലുള്ള ആളുകളിലാണ് സാധാരണയായി ഈ ക്യാൻസർ കണ്ടു വരുന്നത്.

ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം

മലം പോകുമ്പോൾ രക്തം കാണുക.

മലത്തിൽ കഫം കാണുക.

മലം എത്ര പോയാലും മുഴുവനായി പോയിട്ടില്ല എന്ന തോന്നലുണ്ടാവുക(Tenesmus).

ഇതൊക്കെ മലാശയ ക്യാൻസറിന്റെ തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങളാണ്.

ഇനി ക്യാൻസർ കൂടുതലായി അവയവത്തിലേയ്ക്ക് വളരുന്നതോടു കൂടി മലാശയം പൂർണ്ണമായി അടയുകയും മലം പോവുന്നത് പൂർണ്ണമായി നിൽക്കുകയും രോഗിക്ക് വയറുവേദനയും, ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്യുന്നു.

അസുഖം മറ്റു അവയവങ്ങളിലേയ്ക്ക് പടരാൻ തുടങ്ങുന്നതോടെ ഏതവയവത്തെയാണ് ഈ ക്യാൻസർ ബാധിക്കുന്നത് ആ അവയവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കൂടി രോഗിക്ക് അനുഭവിക്കേണ്ടി വരുന്നു.

ഉദാഹരണം: മലാശയ ക്യാൻസർ ശ്വാസകോശങ്ങളെ ബാധിച്ചാൽ രോഗിക്ക് ചിലപ്പോൾ ചുമയും ശ്വാസം മുട്ടലും അനുഭവപ്പെടാം.

ഈ അസുഖം തുടക്കത്തിൽ കണ്ടെത്താൻ എന്തു ചെയ്യാൻ സാധിക്കും.

Colonoscopy test ചെയ്യുമ്പോൾ മലാശയം കൃത്യമായ രീതിയിൽ കാണുവാനും, തടിപ്പോ മുഴയോ കാണുകയാണെങ്കിൽ അവിടെ നിന്ന് Biopsy എടുത്ത് പരിശോധിക്കുവാനും കഴിയും. ഈ പരിശോധനയിലൂടെ ഈ അസുഖം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

അസുഖം ക്യാൻസർ ആണെന്ന് മനസ്സിലായാൽ പിന്നെ സ്റ്റേജിങ് ആണ് ചെയ്യേണ്ടത്. സ്റ്റേജിങ്ങിന്റെ ഉദ്ദേശം ക്യാൻസർ എത്രത്തോളം ശരീരത്തെ ബാധിച്ചിരിക്കുന്നു എന്നത് മനസ്സിലാക്കുകയാണ്. എം ആർ ഐ സ്കാൻ ഉപയോഗിച്ച് മലാശയ ക്യാൻസറിന്റെ അടുത്ത ഭാഗങ്ങളിലേക്കുള്ള പടരൽ എത്രത്തോളമെന്ന് മനസ്സിലാക്കാൻ സാധിക്കും. PET സ്കാൻ എന്ന നൂതനമായ ടെക്നോളജി വഴി ക്യാൻസർ ശരീരത്തിന്റെ ഏതൊക്കെ ഭാഗത്തേയ്ക്ക് പടർന്നിട്ടുണ്ടെന്ന് ഒറ്റ സ്കാനിലൂടെ പറഞ്ഞു തരുന്നു.

മലാശയ ക്യാൻസറിന്റെ ലക്ഷണങ്ങൾ മൂലക്കുരുവിന്റെ ലക്ഷണങ്ങളോട് സാമ്യമുള്ളതിനാൽ
പല രോഗികളും പല ചികിത്സകൾ തിരഞ്ഞെടുക്കുന്നു. അസുഖം സുഖം പ്രാപിക്കാതെയാവുമ്പോളാണ് കൃത്യമായ ടെസ്റ്റുകൾ ചെയ്യാൻ ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ
പലപ്പോഴും മലാശയ ക്യാൻസർ പല രോഗികളിലും മൂന്നും നാലും സ്റ്റേജിൽ ആണ് കണ്ടു പിടിക്കുന്നത്.
ചികിത്സാരീതികൾ

സർജറി, കീമോതെറാപ്പി, റേഡിയേഷൻ എന്നീ മൂന്നു ചികിത്സാ രീതികളാണ് പ്രധാനമായും മലാശയ ക്യാൻസറിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഒന്നാം സ്റ്റേജിൽ സർജറി കൊണ്ട് മാത്രം അസുഖം പൂർണ്ണമായും സുഖപ്പെടുത്തിയെടുക്കാൻ സാധിക്കും. നല്ല രീതിയിലുള്ള സർജറി മലാശയ ക്യാൻസർ പൂർണ്ണമായും മാറ്റിയെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. Total mesorectal excision എന്ന നൂതനമായ സർജറിയാണ് (മലാശയവും അതിനു ചുറ്റും അസുഖം വരാൻ സാധ്യതയുള്ള mesorectum എടുത്തു മാറ്റുക) ഇതിനു വേണ്ടി ഉപയോഗിക്കുന്നത് . സർജറി കഴിഞ്ഞുള്ള ചികിത്സ തീരുമാനിക്കുന്നത് പാത്തോളജി അനുസരിച്ചാണ്. അസുഖം പിന്നെയും വരാനുള്ള സാധ്യതയ്ക്കു കാരണമായ ഘടകങ്ങളാണ് ഈ പാത്തോളജിയിൽ നോക്കുന്നത്.പിന്നീടുള്ള ചികിത്സ (കീമോതെറാപ്പി, റേഡിയേഷൻ, ഇമ്യൂണോതെറാപ്പി) നിശ്ചയിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇനി മലാശയ ക്യാൻസർ സർജറി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് എത്തുന്ന തെങ്കിൽ റേഡിയേഷൻ ചികിത്സയുടെയും, കീമോതെറാപ്പിയുടെയും സഹായത്തോടെ ക്യാൻസറിന്റെ വളർച്ച ചുരുക്കി പൂർണ്ണമായി സർജ്ജറി ചെയ്യുക വഴി അസുഖം സുഖപ്പെടുത്തിയെടുക്കാൻ സാധിക്കും.

നാലാമത്തെ സ്റ്റേജിന്റെ തുടക്കത്തിലാണെങ്കിൽ പോലും ഇതു പോലെ മൂന്നു ചികിത്സാരീതികളുടെ സഹായത്തോടെ അസുഖം മാറ്റിയെടുക്കാൻ സാധിക്കും.

വളരെ നേരത്തെ കണ്ടു പിടിച്ചാൽ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതും എന്നാൽ അസുഖം വളരെ വൈകിയ വേളയിൽ കണ്ടെത്തിയാൽ രോഗിയുടെ ജീവൻ തന്നെ അപഹരിക്കുന്നതുമായ ഒരു ക്യാൻസർ ആണ് മലാശയ ക്യാൻസർ.